National
ന്യൂഡൽഹി: തങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മുന്നിൽ അതേ പേര് തന്നെ ഒരു ശക്തമായ രാഷ്ട്രീയ ആയുധവും പ്രതിരോധവുമായി ഉയർത്തിക്കാട്ടുകയാണ് രാജ്യത്തെ യുവാക്കൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശവും അതിനോടുള്ള പ്രതികരണമായി ഉയർന്നുവന്ന 'കോക്രോച് ജനതാ പാർട്ടി'യുമാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചാവിഷയം. കേവലമൊരു ട്രോളോ പരിഹാസമോ എന്നതിനപ്പുറം, രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും വ്യവസ്ഥിതിക്കുമെതിരെയുള്ള ശക്തമായൊരു 'പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാ'യി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നടന്ന ഒരു വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിവാദപരമായ പരാമർശം നടത്തിയത്. രാജ്യത്ത് തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും, ജോലി കിട്ടാതെ വരുമ്പോൾ ഇവർ മാധ്യമപ്രവർത്തകരോ, ആർടിഐ ആക്ടിവിസ്റ്റുകളോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോ ആയി മാറി സിസ്റ്റത്തെ മുഴുവൻ ആക്രമിക്കാൻ തുടങ്ങുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജെൻസി യുവാക്കളെയും ഉദ്യോഗാർത്ഥികളെയും അത്യധികം വേദനിപ്പിച്ച ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നു. ചീഫ് ജസ്റ്റിസ് പിന്നീട് തന്റെ പ്രസ്താവന തിരുത്തി വിശദീകരണം നൽകിയെങ്കിലും യുവാക്കളുടെ പ്രതിഷേധം അടങ്ങിയില്ല.
പരിഹാസം പ്രതിരോധമാകുമ്പോൾ
തങ്ങളെ പാറ്റകളെന്ന് വിളിച്ച് ആക്ഷേപിച്ച അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ യുവാക്കൾ തീരുമാനിച്ചതോടെയാണ് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജീത് ദീപകെയുടെ നേതൃത്വത്തിൽ 'കോക്രോച് ജനതാ പാർട്ടി' രൂപീകൃതമാകുന്നത്. പാർട്ടി പ്രഖ്യാപിച്ച് വെറും 48 മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിൽ അംഗത്വമെടുത്തത്. ഇൻസ്റ്റാഗ്രാമിലും എക്സിലും ഈ പ്രസ്ഥാനം വൻ തരംഗമായി മാറി.
തങ്ങളുടെ പാർട്ടി "സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാർ)" ആണെന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകരുത്, നീറ്റ് പരീക്ഷാ വിവാദങ്ങളിൽ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണം തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്.
അധികാരവർഗം ജനങ്ങളെ അടിച്ചമർത്താനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കുകളെത്തന്നെ തിരിച്ച് അവർക്കെതിരെയുള്ള പ്രതീകാത്മകമായ രാഷ്ട്രീയ പ്രതിരോധമാക്കി മാറ്റാൻ കഴിയുമെന്നാണ് 'കോക്രോച് ജനതാ പാർട്ടി'യുടെ ഈ അപ്രതീക്ഷിത കുതിപ്പ് തെളിയിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിൽ നിരവധി വ്യാജ അഭിഭാഷകർ ഉണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞു. ഈ അഭിഭാഷകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിക്കുകയും അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്തു.
അഭിഭാഷകരുമായി ‘പൂർണമായും ഗൂഢാലോചന" നടത്തുന്നതിനാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ഇതിൽ ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ഡൽഹി ഹൈക്കോടതിയിൽ സീനിയർ പദവികൾ സംബന്ധിച്ച് ഒരു അഭിഭാഷകൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ച്. സീനിയർ പദവിക്കായുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി പരിഗണിക്കാൻ വിസമ്മതിച്ചു, അത് നൽകേണ്ട ഒരു പദവിയാണെന്നും നിയമപരമായി പിന്തുടരേണ്ടതല്ലെന്നും കോടതി നിരീക്ഷിച്ചു.
"എന്തെങ്കിലും വിഷയത്തിനായി ഞാൻ കാത്തിരിക്കുകയാണ്, ഡൽഹിയിലെ ഭൂരിഭാഗം അഭിഭാഷകരുടെയും എൽഎൽബി ബിരുദങ്ങൾ സിബിഐ പരിശോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ നമ്മൾ കാണുന്നില്ലെന്ന് അവർ കരുതുന്നുണ്ടോ? ബിസിഐ ഒന്നും ചെയ്യില്ല, അവരിൽ ആയിരക്കണക്കിന് പേർ കറുത്ത വസ്ത്രം ധരിച്ച തട്ടിപ്പുകാരാണ്, അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയിൽ സംശയമുണ്ട്. ഒരുപക്ഷേ സിബിഐ എന്തെങ്കിലും ചെയ്യേണ്ടിവരും. ബിസിഐ ഒന്നും ചെയ്യില്ല, കാരണം അവർ കൈകോർത്തവരാണ്, അവർ പൂർണമായും ഗൂഢാലോചനയിലാണ്"- ചീഫ് ജസ്റ്റീസ് പറഞ്ഞു.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാർച്ച് 28-ന് ലഡാക്കിൽ ഔദ്യോഗിക സന്ദർശനം നടത്തും. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പ് സന്ദർശിക്കാനും ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്യാനും ഒരുങ്ങുന്നത്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ നേരിൽ കണ്ട് സംസാരിക്കുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസാകും ജസ്റ്റിസ് സൂര്യകാന്ത്. സന്ദർശനത്തിന്റെ ഭാഗമായി ലേയിലും കാർഗിലിലും നിർമിച്ച പുതിയ ജില്ലാ കോടതി സമുച്ചയങ്ങൾ ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും.
ലേ, കാർഗിൽ മേഖലകളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ നിയമസംവിധാനത്തിന്റെ പുരോഗതി വിലയിരുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പിന്മാറി. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവർക്കൊപ്പം കേസ് പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും പിന്മാറുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള വിഷയം ഹർജിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു സൂര്യകാന്ത് നിലപാട് വ്യക്തമാക്കിയത്.
താത്പര്യ വൈരുധ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ ഭാവി ചീഫ് ജസ്റ്റീസുമാരാകാൻ സാധ്യതയില്ലാത്ത ജഡ്ജിമാരുടെ ഒരു ബെഞ്ച് മുന്പാകെ ഹർജി പരിഗണിക്കാമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു. അടുത്ത മാസം ഏഴിനു ചീഫ് ജസ്റ്റീസോ ഭാവി ചീഫ് ജസ്റ്റീസുമാരോ ഇല്ലാത്ത മൂന്നംഗ ബെഞ്ചിനു മുന്നിൽ കേസ് ലിസ്റ്റ് ചെയ്യാൻ സൂര്യകാന്ത് ഉത്തരവിട്ടു.
2023ൽ കേന്ദ്രസർക്കാർ പാസാക്കിയ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം സുപ്രീംകോടതിയുടെ മുൻ നിർദേശം പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി 2024ലാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന സഞ്ജീവ് ഖന്ന വിസമ്മതിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി മുൻ ഉത്തരവ്.
എന്നാൽ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി കമ്മീഷണർമാരെ നിയമിക്കുമെന്ന നിയമം 2023 ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കിയതാണ് കേസിന് ആധാരം.
Kerala
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി കോടതിയിൽ വാദിച്ചു.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് ഉറപ്പ് നൽകിയ സുപ്രീംകോടതി, മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും കോടതിയിൽ പരിഗണിക്കും.
ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആർ നോട്ടീസ് നൽകിയത്. 100 ലധികം പേരാണ് എസ്ഐആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് ആസാമിൽ എസ്ഐആർ ഇല്ലാത്തത്?. തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.
ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ സാധിക്കില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിർദേശിച്ച് സുപ്രീംകോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റാ, വാട്സ്ആപ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കേരള ഹൈക്കോടതിയുടെ 40-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമെന് സെന് സ്ഥാനമേറ്റു.
ഹൈക്കോടതിയില് സഹജഡ്ജിമാരും ബാര് കൗൺസിൽ അംഗങ്ങളും പങ്കെടുത്ത ഫുള് കോര്ട്ട് റഫറന്സിലാണ് അദ്ദേഹം സ്ഥാനമേറ്റത്. മലയാളത്തില് ആശംസകള് നേര്ന്നുകൊണ്ട് ചീഫ് ജസ്റ്റീസ് സൗമെന് സെന് തനിക്കു നല്കിയ വരവേൽപ്പിന് നന്ദി പറഞ്ഞു.
ചീഫ് ജസ്റ്റീസ് എന്നനിലയില് പ്രഥമ കടമ ജുഡീഷറിയുടെ സ്വാതന്ത്ര്യം ഉയര്ത്തിപ്പിടിക്കുകയും നീതി പ്രാപ്യവും സമയബന്ധിതവും അര്ഥവത്തായതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റീസായി സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ്കോൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി.
Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ.
മലയാളിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് മുഷ്താഖിനെ സിക്കിം ചീഫ് ജസ്റ്റീസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.
നിലവിലെ ചീഫ് ജസ്റ്റീസ് നിതിൻ ജംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സെന്നിന്റെ നിയമനം. ദീർഘകാലം കോൽക്കത്ത ഹൈക്കോടതി ജഡ്ജി ആയിരുന്നു ജസ്റ്റീസ് സൗമെൻ സെൻ.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ രേവതി പി. മോഹിതെ ദേരയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായ എം.എസ്. സോനകിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ഒഡീഷ ഹൈക്കോടതി ജഡ്ജിയായ സൻഗം കുമാർ സഹോയെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.
2025 ഒക്ടോബറിലാണ് ജസ്റ്റീസ് സെൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്. 2011ൽ ജസ്റ്റീസ് സെൻ കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റീസ് സെൻ.
National
ന്യൂഡൽഹി: ബന്ധുബലമില്ലാതെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഇടത്തരം കർഷക കുടുംബാംഗവും ആദ്യ തലമുറ അഭിഭാഷകനുമാണ് ജസ്റ്റീസ് സൂര്യകാന്ത്. സുപ്രീംകോടതിയിൽ നിലവിലുള്ള 33 ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്ജിമാരുടെ അടുത്ത ബന്ധുതയുള്ളവരാണ്. പ്രമുഖ അഭിഭാഷകരുടെ മക്കളാണു സുപ്രീംകോടതിയിലെ മറ്റു പത്തു ജഡ്ജിമാർ.
ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയും ചീഫ് ജസ്റ്റീസുമാണു കാന്ത്. ജഗദീഷ് സിംഗ് കെഹാർ അടക്കം പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിൽനിന്നു ചീഫ് ജസ്റ്റീസ് ഉണ്ടായിട്ടുണ്ടെങ്കിലും ഹരിയാനയിൽ ജനിച്ചുവളർന്ന ആദ്യത്തെയാളാണു കാന്ത്. 38-ാം വയസിൽ ഹരിയാനയിലെ പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലും 42-ാം വയസിൽ ഹൈക്കോടതി ജഡ്ജിയുമായി.
1962 ഫെബ്രുവരി 10ന് ഹരിയാന ഹിസാറിലെ പെട്വാർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലാണു ജനിച്ചത്. സർക്കാർ സ്കൂളിലെ സംസ്കൃത സ്കൂൾ അധ്യാപകനായ മദൻ ഗോപാൽ ശാസ്ത്രിയുടെ അഞ്ചു മക്കളിൽ ഇളയവനാണ്. അമ്മ വീട്ടമ്മയായിരുന്നു. ചണ്ഡിഗഡ് പഞ്ച്കുളയിലെ സർക്കാർ കോളജിൽ പ്രിൻസിപ്പലായി വിരമിച്ച സവിതയാണു ചീഫ് ജസ്റ്റീസ് കാന്തിന്റെ ഭാര്യ.
National
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും, രാജ് നാഥ് സിംഗും പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റീസുമാർ ഉൾപ്പെടെ സന്നിഹിതരായിരുന്നു.
സ്ഥാനമൊഴിഞ്ഞ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ചുമതലയേൽക്കുന്നത്. 65 വയസ് എന്ന വിരമിക്കൽ പ്രായം പൂർത്തിയാകുന്ന 2027 ഫെബ്രുവരി ഒന്പതുവരെ സൂര്യകാന്ത് ചീഫ് ജസ്റ്റീസായി തുടരും.
1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ജസ്റ്റീസ് സൂര്യകാന്ത് പഞ്ചാബ്-ഹരിയാന കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി 2018ൽ നിയമിതനായ അദ്ദേഹം 2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.
സുപ്രീംകോടതി ജഡ്ജിയായിരിക്കേ ദേശീയപ്രാധാന്യമുള്ള ഒട്ടേറെ വിധികളുടെ ഭാഗമായ അദ്ദേഹം ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചിൽ അംഗമായിരുന്നു.
കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കിയ ബെഞ്ചിലും ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾ നിർവചിക്കുന്ന രാഷ്ട്രപതി റഫറൻസ് പരിഗണിച്ച ബെഞ്ചിലും സൂര്യകാന്ത് അംഗമായിരുന്നു.
എസ്ഐആറിനുശേഷം ബിഹാറിലെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ട 65 ലക്ഷം വോട്ടർമാരുടെ പേരുകൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിച്ചത് സൂര്യകാന്താണ്. സുപ്രീംകോടതിയിലും രാജ്യത്തുടനീളമുള്ള കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുകയെന്നതാണു തന്റെ പ്രഥമ പരിഗണനയെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.
National
ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്. അംബേദ്കറുമാണ് തന്റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്. തന്റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പല് സ്കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്നം കാണാന് പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്റെ ജീവിതത്തില് കൊണ്ടുവരാന് ശ്രമിച്ചിട്ടുണ്ട്. തന്റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.
സുപ്രീം കോടതി അഡ്വക്കറ്റ്സ് ഓണ് റെക്കോര്ഡ് അസോസിയേഷന് (എസ്സിഎഒആര്എ) നല്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരേ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകണോയെന്നു സുപ്രീംകോടതി.
നടപടി ആവശ്യമില്ലെന്നു ചീഫ് ജസ്റ്റീസ് നിലപാട് സ്വീകരിച്ചിട്ടും കോടതിയലക്ഷ്യത്തിനു കേസെടുക്കുന്നത് രാകേഷ് കിഷോറിന് അനാവശ്യ പ്രാധാന്യം നൽകില്ലേയെന്നും കേസ് പരിഗണിക്കവെ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
അതിക്രമശ്രമം നടന്നതിനു പിന്നാലെ അഭിഭാഷകനെ കുറച്ചുനേരം തടഞ്ഞുവച്ചു. എന്നാൽ പിന്നീട് വിട്ടയച്ചപ്പോൾ തന്റെ പ്രവൃത്തിയെ മഹത്വവത്കരിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം നടത്തിയെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ വികാസ് സിംഗ് പറഞ്ഞു. ചീഫ് ജസ്റ്റീസ് മാപ്പ് നൽകിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.
നീതിന്യായ സംവിധാനത്തിനെതിരേ ഉണ്ടായ അതിക്രമത്തിലാണു നടപടി സ്വീകരിക്കേണ്ടത്. അതിനാൽ സംഭവത്തെ വെറുതെ വിടാൻ സാധിക്കില്ലെന്നും വികാസ് സിംഗ് കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതിയലക്ഷ്യ നിയമപ്രകാരം നടപടി സ്വീകരിക്കണോ വേണ്ടയോ എന്നതു ബാധിക്കപ്പെട്ട ജഡ്ജിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശം തയാറാക്കുന്നത് പരിഗണിക്കുമെന്നു വ്യക്തമാക്കിയ കോടതി, അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിടാൻ വിസമ്മതിച്ചു.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അടുത്ത മാസം 23ന് വിരമിക്കാനിരിക്കെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ.
നടപടിക്രമങ്ങളുടെ ഭാഗമായി പിൻഗാമിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര നിയമമന്ത്രാലയം ഗവായിക്ക് കത്തു നൽകിയിട്ടുണ്ട്. കീഴ്വഴക്കമനുസരിച്ച് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണു ചീഫ് ജസ്റ്റീസ് തന്റെ പിൻഗാമിയായി നിർദേശിക്കുക.
മാനദണ്ഡങ്ങളനുസരിച്ച് ഗവായിക്കുശേഷം സീനിയോറിറ്റിയുള്ള ജസ്റ്റീസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും.
സ്ഥാനമൊഴിയുന്ന ബി.ആർ. ഗവായ് നൽകുന്ന ശിപാർശയ്ക്കു കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞാൽ നവംബർ 24ന് പുതിയ ചീഫ് ജസ്റ്റീസ് ചുമതലയേൽക്കും. 2027 ഫെബ്രുവരി ഒന്പതുവരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി, ബി.ആർ. ഗവായിയോട് സംസാരിക്കുകയും ചെയ്തു.
"ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീംകോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
രാവിലെ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷകൻ ഷൂ എറിയാന് ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര് ഇയാളെ കീഴ്പ്പെടുത്തി.
എന്നാല് സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള് തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില് കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്ന്നു.
71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര് പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിരുന്നു. പിന്നീട് വിട്ടയച്ചു.
National
ന്യൂഡല്ഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ഷൂസെറിയാന് ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന് ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര് ഇയാളെ കീഴ്പ്പെടുത്തി.
എന്നാല് സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള് തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില് കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്ന്നു.
71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര് പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റീസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റീസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും രാകേഷ് കിഷോർ പ്രതികരിച്ചു.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചര്ച്ചയായിരുന്നു. ചീഫ് ജസ്റ്റീസ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണവും ഉയർന്നിരുന്നു. ഇപ്പോഴുണ്ടായ പ്രതിഷേധവും ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.